എടത്വ: കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതിനെത്തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. തലവടി, മുട്ടാര്‍ പഞ്ചായത്തുകളില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. മഴയ്ക്ക് നേരിയ ശമനമുണ്ടങ്കിലും പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. തോട്ടപ്പള്ളി സ്പില്‍വേ വഴി കടലിലേക്കു ജലമൊഴുക്കുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായി നിലനില്‍ക്കുന്നതാണ് വെള്ളം ഇറങ്ങുന്നതിന് താമസം നേരിടുന്നത്.
തലവടി കുതിരച്ചാല്‍ കുന്നുമ്മാടി ഉന്നതി, നീരേറ്റുപുറം, മുട്ടാര്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വീടുകളിലും സര്‍വീസ് റോഡുകളിലും വെള്ളം കയറിയതോടെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങി. തലവടിയില്‍ രണ്ട് ക്യാമ്പും മുട്ടാറ്റില്‍ ഒരു ക്യാമ്പുമാണ് തുടങ്ങിയിരിക്കുന്നത്. തലവടി പഞ്ചായത്തില്‍ ചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തിലും തലവടി ഗവ. ഹൈസ്കൂളിലും മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
ക്യാമ്പുകളിലേക്ക് മാറാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്കായി കഞ്ഞി വിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഉള്‍പ്രദേശങ്ങളിലാണ് കടുത്ത ദുരിതം അനുഭവിക്കുന്നത്. തലവടി പഞ്ചായത്തില്‍ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യു, പഞ്ചായത്ത്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേത്യത്വത്തില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നുണ്ട്. നദിതീരങ്ങള്‍, തോടുകളുടെ ഇരുകള് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
പന്പ, മണിമലയാറുകൾ
കരകവിഞ്ഞു
രാമങ്കരി: പന്പ, മണിമലയാറുകളിൽ വെള്ളത്തിന്റെ വരവ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് ഇവിടെ മൂന്നര അടിയിലേറെ ഉയർന്നു. രാമങ്കരി, മുട്ടാർ തലവടി പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ ഇതോടെ വെള്ളത്തിൽ മുങ്ങി. റവന്യു വകുപ്പും പഞ്ചായത്തും ചേർന്ന് വിവിധ ഇടങ്ങളിൽ വിവിധ ദുരിതാശ്വാസ ക്യാന്പുകൾ തുറന്ന് ആശ്വാസനടപടികൾ സ്വീകരിച്ചു തുടങ്ങി.
രാമങ്കരി പഞ്ചായത്ത് 14-ാം വാർഡിലെ രണ്ട് കുടുംബങ്ങളിലുള്ള പത്തുപേരെ രാമങ്കരി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ക്യാന്പിലേക്കു മാറ്റി.
രണ്ടാംകൃഷി ഇല്ലാത്ത പാടശേഖരങ്ങളുടെ ബണ്ടുകൾ കവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളം നിറയുകയും നാട്ടുകാരുടെ ജീവിതമാകെ ദുരിതം നിറഞ്ഞതാകുകയുമായിരുന്നു. വെളിയനാട് പഞ്ചായത്തിലെ കിടങ്ങറ കുന്നങ്കരി, കിടങ്ങറ കണ്ണാടി റോഡ്, രാമങ്കരി പഞ്ചായത്തിൽ രാമങ്കരി ബോട്ടുജെട്ടി - മുക്കം റോഡ്, മുട്ടാർ പഞ്ചായത്തിൽ കിടങ്ങറ, മുട്ടാർ കൈതത്തോട്, കിഴക്കേ മിത്രക്കരി എന്നീ റോഡുകൾക്ക് പുറമേ തലവടി, ചക്കുളത്തുകാവ്, അന്പലപ്പുഴ, തിരുവല്ല സംസ്ഥാന പാതയിൽ നെടുന്പ്രം ഭാഗത്തും വെള്ളം കയറി. ചക്കുളത്തുകാവ് ക്ഷേത്ര പരിസരവും വെള്ളത്തിൽ മുങ്ങി.
കൈനകരി കാവാലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞുകഴിഞ്ഞു. കിഴക്കൻ വെള്ളത്തിനൊപ്പം വൻ തോതിൽ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മരങ്ങളും മറ്റും കിടങ്ങറ ബസാർ, പുളിങ്കുന്ന് താലൂക്ക് ആശുപത്രി പാലങ്ങളുടെ കാലുകളിൽ അടിഞ്ഞുകൂടുന്നത് ജലഗതാഗതത്തിന് വലിയ ഭീഷണിയായിട്ടുണ്ട്.